All Episodes

September 23, 2021 9 mins
മക്കൾ നൂറുപേരും മരിച്ചതറിഞ്ഞ്, ശാഖകളെല്ലാം വെട്ടിമാറ്റപ്പെട്ട ഒറ്റമരത്തെപ്പോലെ, ശോകഗ്രസ്തനായ ധൃതരാഷ്ട്രർ ധ്യാനനിമഗ്നനായി ഇരുന്നു. ആശ്രയവും ആശ്വാസവുമറ്റ ധൃതരാഷ്ട്രരെ സഞ്ജയനും വിദുരരും ആശ്വസിപ്പിച്ചു. "ദുഃഖം ഒഴിവാക്കണമെങ്കിൽ പശ്ചാത്തപിക്കേണ്ടതായ ഒന്നും ചെയ്യരുത് എന്നു പറഞ്ഞത് നീ ചെവിക്കൊണ്ടില്ല. ദുര്യോധനൻ, കർണൻ, ദുശ്ശാസനൻ, ശകുനി എന്നിവരുടെ അത്യാർത്തിക്ക് കൂട്ടുനിൽക്കരുതെന്നും അവരുടെ രാജ്യലോഭം കുരുവംശത്തെ നശിപ്പിക്കുമെന്നും നിന്നോട് പലവട്ടം പറഞ്ഞു. നീ അതൊന്നും കേട്ടില്ല. ബുദ്ധിഹീനനും അഹങ്കാരിയും ക്രൂരനും ലോഭബുദ്ധിയുമായ നിന്റെ മകനെ മാത്രമേ നീ കണ്ടിരുന്നുള്ളൂ. രാജാവേ, മഹാലുബ്ധനും അത്യാഗ്രഹിയുമായ നീ ആത്മരക്ഷാമാർഗം തേടിയില്ല. ഇപ്പോൾ ദുഃഖിച്ചിട്ട് ഒരു ഫലവുമില്ല". യുദ്ധം മുഴുവൻ കാണുന്നതിനുവേണ്ടി രാജാവായ ധൃതരാഷ്ട്രന്റെ പുറംകണ്ണായി വർത്തിച്ച സഞ്ജയൻ ഒരിക്കൽക്കൂടി ഹിതകരമായ വാക്കുകൾ പറഞ്ഞു. രാജാവേ, ഉയർച്ചകളെല്ലാം വീഴ്ചകളിലെത്തും. സംയോഗങ്ങൾ എല്ലാം വിയോഗങ്ങളിലും അവസാനിക്കും. ജീവിതം മരണത്തിലുമാണ് പര്യവസാനിക്കുന്നത്. നിന്റെ ലോകം നിന്റെ കർമംകൊണ്ട് നീതന്നെ ഉണ്ടാക്കിയതാണ്. അതിൽ ദുഃഖിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് ജ്ഞാനംകൊണ്ട് മനോദുഃഖത്തെ അകറ്റണം. ധൃതരാഷ്ട്രരുടെ ഉയർച്ചയിലും താഴ്ചയിലും വിട്ടുപിരിയാതെനിന്ന് രാജാവിനെ സേവിച്ച ജ്ഞാനിയായ അനുജൻ വിദുരൻ ജ്യേഷ്ഠനെ സമാശ്വസിപ്പിച്ചു. പക്ഷേ, ശോകഗ്രസിതമായിരുന്ന ധൃതരാഷ്ട്രർക്ക് അതിൽനിന്ന് ആശ്വാസംകൊള്ളാൻ കഴിഞ്ഞില്ല. ധൃതരാഷ്ട്രമനസ്സ് കലുഷമായിരുന്നു. പിതാവായ വ്യാസനും പുത്രനെ സമാശ്വസിപ്പിച്ചു. എല്ലാം കാലകല്പിതംതന്നെ. ലോകത്തെ നശിപ്പിക്കാൻ കലിയുടെ അംശമായി ഗാന്ധാരിയുടെ ജഠരത്തിൽ ജന്മമെടുത്തവനാണ് നിന്റെ പുത്രൻ ദുര്യോധനൻ. കാലഗതിയെ ഓർത്ത് ദുഃഖിച്ചിട്ട് കാര്യമില്ല. കാലനിയോഗത്തിന് നീ നിമിത്തമായി എന്നുമാത്രം. ജീവികൾക്കെല്ലാം മരണത്തെ ഭയമാണ്. ഒരു ജീവിക്കും മരിക്കാൻ ഇഷ്ടമില്ല. നീ ഇഷ്ടപ്പെടാത്തത് മറ്റുള്ളവർക്കെതിരേ ചെയ്യാതിരിക്കണം. അതുകൊണ്ട് ഒരു ജീവിയെയും കൊല്ലരുത് മകനേ -വ്യാസൻ പറഞ്ഞുനിർത്തി. വ്യാസന്റെ വാക്കുകളും പുത്രനെ സമാശ്വസിപ്പിച്ചില്ല. ധൃതരാഷ്ട്രന്റെ മനസ്സ് ശോകത്താൽ തപിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് യുദ്ധം ജയിച്ച പാണ്ഡവർ കുരുശ്രേഷ്ഠരെ കാണാനെത്തിയത്. അവരും പശ്ചാത്താപ വിവശരായിരുന്നു. യുദ്ധം തുടങ്ങിക്കഴിഞ്ഞപ്പോൾ എല്ലാം കൈവിട്ടുപോയി. യുദ്ധം അതിന്റെതന്നെ നീതിശാസ്ത്രവും രീതിശാസ്ത്രവും അനുസരിച്ച് മുന്നേറി. കൊല്ലാനും കൊല്ലപ്പെടാനുമുള്ള സാധ്യതകൾ മാത്രമേ യുദ്ധത്തിലുള്ളൂ. അതുകൊണ്ട് യുദ്ധമുഖത്തുനിൽക്കുന്ന യോദ്ധാക്കൾ കൊല്ലാനേ ശ്രമിക്കൂ, കൊല്ലപ്പെടാനാഗ്രഹിക്കയില്ല. അതുകൊണ്ട് യുദ്ധത്തിൽ ബന്ധുക്കളില്ല. ശത്രുക്കൾ മാത്രമേ ഉള്ളൂ. ശത്രുക്കളായി കരുതികൊന്നൊടുക്കിയത് പക്ഷേ, ബന്ധുക്കളെയായിരുന്നു. അതുകൊണ്ടുതന്നെ കൊല്ലപ്പെട്ടവരേക്കാൾ പരിതാപകരമായി കൊന്നവരുടെ അവസ്ഥ. എങ്കിലും തന്റെ മക്കളെ കൊന്ന് രാജ്യം നേടിയവരെ സന്തോഷത്തോടെ ആലിംഗനംചെയ്തു സ്വീകരിക്കാൻ ധൃതരാഷ്ട്രർക്ക് കഴിഞ്ഞില്ല. പാണ്ഡവർ കൃഷ്ണസമേതനായി ധൃതരാഷ്ട്രരെയും ഗാന്ധാരിയെയും കണ്ട് അനുഗ്രഹം യാചിക്കാനായി എത്തി. അപ്രീതിയോടെയാണെങ്കിലും ധർമജനെ ആലിംഗനംചെയ്ത് ധൃതരാഷ്ട്രർ ആശിർവദിച്ചു. പക്ഷേ, ഭീമനോട് പൊറുക്കാൻ ധൃതരാഷ്ട്രർക്ക് കഴിഞ്ഞില്ല. ശോകവും ക്രോധവും അടക്കിവെച്ച മനസ്സുമായിരിക്കുന്ന ധൃതരാഷ്ട്രരുടെ ഉള്ളിലിരിപ്പ് ശ്രീകൃഷ്ണന് മനസ്സിലായിരുന്നു. അതുകൊണ്ട് ഭീമന്റെ ഊഴമെത്തിയപ്പോൾ ഭീമനെ മാറ്റി ഭീമന്റെ ഇരുമ്പുപ്രതിമ ധൃതരാഷ്ട്രന്റെ മുന്നിൽനിർത്തി. പതിനായിരം ആനയുടെ കരുത്തുള്ള കുരുശ്രേഷ്ഠൻ ആ ഇരുമ്പ് പ്രതിമയെ ആലിംഗനംചെയ്ത് ഇടിച്ചുപൊടിച്ചു. ഈ ശ്രമത്തിനിടയിൽ ധൃതരാഷ്ട്രരുടെ ശരീരത്തിൽനിന്നും ചോരപൊടിഞ്ഞു. ഭീമൻ മരിച്ചു എന്നുതന്നെ ധൃതരാഷ്ട്രർ കരുതി. ക്രോധംകൊണ്ട് ജ്വരബാധയേറ്റ ധൃതരാഷ്ട്രർ ജ്വരം അടങ്ങിയപ്പോൾ വിലപിച്ചു. ധൃതരാഷ്ട്രരുടെ ഇംഗിതം നേരത്തേ മനസ്സിലായിരുന്നതുകൊണ്ട് ഭീമനെയല്ല, ദുര്യോധനൻ ഉണ്ടാക്കിവെച്ചിരുന്ന ഇരുമ്പുപ്രതിമയെയാണ് മുന്നിൽവെച്ചിരുന്നതെന്നും അങ്ങനെ മകൻ ഉണ്ടാക്കിയ ഭീമപ്രതിമയെയാണ് ഭവാൻ നശിപ്പിച്ചതെന്നും കൃഷ്ണൻ പറഞ്ഞു. ഇരുമ്പുപ്രതിമയിലടിച്ചാണ് ഗദായുദ്ധം പരിശീലിക്കുന്നത്. ഗദായുദ്ധപരിശീലനത്തിനായി ദുര്യോധനൻ ഉണ്ടാക്കിച്ചതായിരുന്നു ആ ഇരുമ്പ് പ്രതിമ. സ്വന്തം കുറ്റത്തിന് ഭവാൻ എന്തിന് മറ്റുള്ളവരോട് കോപിക്കുന്നു. ഈ ദുഷ്കൃതം മുഴുവൻ നിന്റെ സഹായത്തോടെ നിന്റെ മകനുണ്ടാക്കിയതാണ് രാജാവേ എന്ന് കൃഷ്ണൻ വിശദീകരിച്ചു. ഗാന്ധാരിയും കോപാകുലയായിരുന്നു. തന്റെ നൂറു മക്കളെയും കൊന്ന ഭീമനോട് പൊറുക്കാൻ അവർക്ക് കഴിഞ്ഞില്ല. ഭീതിയോടെയാണ് ഭീമൻ അവരുടെമുന്നിൽ നിന്നത്. ദുര്യോധനനെയും ദുശ്ശാസനനെയും കൊന്നതിൽ അവരുടെ അമ്മ ദുഃഖിതയും കോപാകുലയും ആയിരുന്നു. ഭീമൻ തൊഴുകൈയോടെ പറഞ്ഞു: ''ധർമാധർമം നോക്കിയില്ല. ജീവഭയംകൊണ്ട് കൊന്നു''.
Mark as Played

Advertise With Us

Popular Podcasts

Stuff You Should Know
The Joe Rogan Experience

The Joe Rogan Experience

The official podcast of comedian Joe Rogan.

Dateline NBC

Dateline NBC

Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Special Summer Offer: Exclusively on Apple Podcasts, try our Dateline Premium subscription completely free for one month! With Dateline Premium, you get every episode ad-free plus exclusive bonus content.

Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2025 iHeartMedia, Inc.